ഇന്ത്യൻ സമൂഹികശാസ്ത്രത്തെ (സോഷ്യോളജി) അന്താരാഷ്ട്ര വൈജ്ഞാനിക മണ്ഡലത്തിൽ പ്രതിഷ്ഠിച്ച പ്രമുഖ ചിന്തകനും അധ്യാപകനുമായ പ്രഫ. ടി.കെ. ഉമ്മന്റെ വിയോഗം ആഗോള സോഷ്യോളജി മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഉത്തരാധുനിക കാലത്തെ സാമൂഹിക ചലനങ്ങളെയും അധികാര ഘടനകളെയും പൗരസ്വാതന്ത്ര്യത്തെയുംകുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കാലാതീതമായി നിലനിൽക്കുന്നു. സമൂഹശാസ്ത്രം എന്ന വൈജ്ഞാനിക ശാഖയെ കേവലം സിദ്ധാന്തങ്ങളുടെ സമാഹാരമായല്ല, അനുസ്യൂതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ നാഡിമിടിപ്പുകൾ അറിയാനുള്ള വൈജ്ഞാനിക മാപിനിയായിട്ടാണ് പ്രഫ. ടി.കെ. ഉമ്മൻ കണ്ടിരുന്നത്. പടിഞ്ഞാറൻ ചിന്താഗതികളിൽ തളച്ചിടപ്പെട്ടിരുന്ന സമൂഹശാസ്ത്രത്തെ ഇന്ത്യൻ വേരുകളിലേക്ക് പറിച്ചുനടുകയും ആഗോളതലത്തിൽ ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെ ആധികാരികമായി അവതരിപ്പിക്കുകയും ചെയ്ത ധൈഷണിക പ്രതിഭയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് ആരംഭിച്ച് ഇന്റർനാഷണൽ സോഷ്യോളജിക്കൽ അസോസിയേഷന്റെ അധ്യക്ഷപദവി വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതം ആധുനിക ഇന്ത്യൻ അക്കാദമിക് ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്.
► ജനനം, വിദ്യാഭ്യാസം
1937 ഒക്ടോബർ 16ന് ആലപ്പുഴ ജില്ലയിലെ വെൺമണിയിലായിരുന്നു ടി.കെ. ഉമ്മൻ എന്നറിയപ്പെടുന്ന തറയിലത്ത് കോശി ഉമ്മന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1957ൽ കേരള സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, ഉപരിപഠനത്തിനായി പൂന സർവകലാശാലയിലെത്തി. അവിടെവച്ചാണ് സോഷ്യോളജിയിൽ ആകൃഷ്ടനാകുന്നത്. 1960ൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പ്രശസ്ത സോഷ്യോളജിസ്റ്റ് പ്രഫ. വൈ.ബി. ഡാംലയുടെ കീഴിൽ ഗവേഷണം നടത്തി. ‘Charisma, Stability and Change: An Analysis of Bhoodan-Gramdan Movement in India’ എന്ന അദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധം ഇന്ത്യൻ സോഷ്യോളജിയിലെതന്നെ വഴിത്തിരിവായിരുന്നു.
1964ൽ ഡൽഹി സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഉമ്മൻ, പിന്നീട് 1971ൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ഭാഗമായി. ജെഎൻയുവിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിനെ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സോഷ്യോളജി ഡിപ്പാർട്ട്മെന്റുകളിൽ ഒന്നായി വളർത്തുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. വിരമിച്ച ശേഷവും പ്രഫസർ എമെരിറ്റസായി അവിടെ തുടർന്നു. സ്വീഡൻ, അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യൻ സോഷ്യോളജിയെ ലോകനിലവാരത്തിലേക്ക് ഉയർത്തി.
► ഗവേഷണങ്ങൾ
ടി.കെ. ഉമ്മൻ എന്ന സോഷ്യോളജിസ്റ്റിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയത് സോഷ്യോളജിയുടെ പിതാമഹന്മാരിലൊരാളായ മാക്സ് വെബ്ബറുടെ ‘കരിസ്മ’ (Charismatic Authority) എന്ന സിദ്ധാന്തത്തിന് അദ്ദേഹം നൽകിയ പുതിയ അർഥവ്യാപ്തിയാണ്. വെബ്ബറുടെ അഭിപ്രായത്തിൽ, കരിസ്മാറ്റിക് നേതൃത്വം നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ തകർക്കുന്നതോ വിപ്ലവകരമായി പരിവർത്തിപ്പിക്കുന്നതോ ആണ്. എന്നാൽ, ഇന്ത്യയിലെ ഭൂദാൻ-ഗ്രാമദൻ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിച്ച പ്രഫസർ ഉമ്മൻ, കരിസ്മാറ്റിക് അധികാരത്തിന് ഒരു സാമൂഹികവ്യവസ്ഥയെ സുസ്ഥിരമാക്കാനും നിലനിർത്താനും സാധിക്കുമെന്ന് സമർഥിച്ചു. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ‘Charisma, Stability and Change’ (1972) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇത് പാശ്ചാത്യ ചിന്താഗതിക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. അന്ധമായ വെബ്ബേറിയൻ പിന്തുടർച്ചയ്ക്ക് പകരം, ഇന്ത്യൻ സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന സിദ്ധാന്ത രൂപീകരണത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.
ടി.കെ. ഉമ്മന്റെ ഗവേഷണങ്ങൾ പ്രധാനമായും അഞ്ച് സാമൂഹിക മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. സാമൂഹ്യപ്രസ്ഥാനങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്താണെന്നും അദ്ദേഹം വിശകലനം ചെയ്തു. ഭൂദാൻ പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനം ഇതിൽ ആദ്യത്തേതായിരുന്നു. രണ്ടാമത്തെ പഠനമേഖലയായ തൊഴിലിന്റെ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട് 1978ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നഴ്സിംഗ് മേഖലയെക്കുറിച്ചുള്ള പഠനം വിപ്ലവാത്മകമായിരുന്നു. സമൂഹത്തിന്റെ വലിയ അംഗീകാരം ലഭിക്കാത്ത, എന്നാൽ അത്യന്തം അനിവാര്യമായ തൊഴിലുകളെ സമൂഹശാസ്ത്രപരമായി അദ്ദേഹം വിശകലനം ചെയ്തു. ആധുനിക ഭരണകൂടങ്ങൾ എങ്ങനെയാണ് വംശീയതയെയും വിയോജിപ്പുകളെയും അഭിമുഖീകരിക്കുന്നത് എന്നതായിരുന്നു ‘ഭരണകൂടവും വംശീയതയും’ (1997) എന്ന പഠനത്തിന്റെ കാതൽ. ഭരണകൂടവും സിവിൽ സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ അദ്ദേഹം അപഗ്രഥിച്ചു. ഇന്ത്യയിലെ വർഗീയകലാപങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവച്ചു. ‘Understanding Security: A New Perspective’ (1983) എന്ന അദ്ദേഹത്തിന്റെ കൃതി ഈ മേഖലയിലെ നാഴികക്കല്ലാണ്. സോഷ്യോളജി ഒരു സവിശേഷ ശാസ്ത്രമല്ലെന്നും അത് ചരിത്രത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും കൂട്ടിയിണക്കുന്ന ഒരു സാമാന്യ വിജ്ഞാനമണ്ഡലമാണെന്നും അദ്ദേഹം വാദിച്ചു.
സമൂഹശാസ്ത്രത്തിലെ കുലപതികളായ കാറൽ മാർക്സും എമിൽ ദുർക്കെയ്മും അന്യവത്കരണത്തെ വൈയക്തികമായ ഒരു മാനസികാവസ്ഥയായാണ് കണ്ടത്. എന്നാൽ, ടി.കെ. ഉമ്മൻ ഇതിനെ ഒരു സാമൂഹിക യാഥാർഥ്യമായാണ് വിലയിരുത്തിയത്. ഇന്ത്യയിലെ ദളിതർ, ആദിവാസികൾ, മുസ്ലിംകൾ തുടങ്ങിയ വിഭാഗങ്ങൾ നേരിടുന്നത് വ്യക്തിപരമായ അന്യവത്കരണമല്ല, വ്യവസ്ഥാപിതമായ സാമൂഹിക അന്യവത്കരണമാണെന്ന് അദ്ദേഹം സമർഥിച്ചു. സാമൂഹികമായി സംയോജിക്കപ്പെട്ടിരിക്കുമ്പോഴും ഈ വിഭാഗങ്ങൾ എങ്ങനെയാണ് പാർശ്വവത്കരിക്കപ്പെടുന്നത് എന്നത് അദ്ദേഹം വസ്തുനിഷ്ഠമായി വിശദീകരിച്ചു.
► അക്കാദമിക പണ്ഡിതൻ
ഒരു അക്കാദമിക പണ്ഡിതൻ എന്നതിലുപരി തന്റെ വിജ്ഞാനത്തെ പ്രയോഗവത്കരിക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. 2002ലെ ഗുജറാത്ത് വർഗീയ കൂട്ടക്കൊലയ്ക്കുശേഷം സമാധാന ശ്രമങ്ങൾക്കായി രൂപീകരിച്ച ‘ഗുജറാത്ത് ഹാർമണി പ്രോജക്ടി’ന്റെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട വിഖ്യാതമായ ‘സച്ചാർ കമ്മിറ്റി’യിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നയരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തി. ഫോർഡ് ഫൗണ്ടേഷന്റെ സുരക്ഷാ പഠനവിഭാഗത്തിലും യുനെസ്കോയിലും അദ്ദേഹം വഹിച്ച ചുമതലകൾ അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിന് ലഭിച്ച ആദരവിന്റെ തെളിവുകളാണ്.